കോട്ടയം: എംഎൽഎ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ ഫലകങ്ങളിൽ തന്റെ പേര് എഴുതിവയ്ക്കരുതെന്ന് പൂഞ്ഞാർ എംഎൽഎ എം.ജെ. സെബാസ്റ്റ്യൻ. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന കാര്യങ്ങൾ സ്വന്തം നേട്ടമായി ചിത്രീകരിച്ച് പരസ്യപ്പെടുത്തുന്ന രീതിയോട് യോജിക്കാനാകില്ല.
ആ നാണംകെട്ട പണിക്ക് താനില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ആർ. ശങ്കർ മെമ്മോറിയൽ യുപി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ തുകയുടെ വികസന പ്രവർത്തനങ്ങൾ പോലും പൂർത്തിയാക്കിയ ശേഷം പേരെഴുതിയ ഫലകങ്ങൾ സ്ഥാപിക്കുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു കിണറിന് 5,000 രൂപ സബ്സിഡി നൽകിയിട്ടോ മുക്കാൽ ചങ്ങല നീളമുള്ള റോഡ് ടാർ ചെയ്തിട്ടോ ചെണ്ട കൊട്ടി പേരെഴുതി വെക്കുന്ന നാണംകെട്ട പണിക്ക് തന്നെ കിട്ടില്ലെന്നും എംഎൽഎ വ്യക്തമാക്കി. എംഎൽഎ ഫണ്ട് അനുവദിക്കുമ്പോൾ തന്റെ പേര് ഫലകങ്ങളിൽ എഴുതിവെക്കരുതെന്ന് കർശന നിർദ്ദേശം നൽകാറുണ്ട്.
സർക്കാരിന്റെയും ജനങ്ങളുടെയും ടാക്സ് പണമെടുത്തു നിർമിക്കുന്ന പദ്ധതികൾ തന്റെ ഫണ്ടാണെന്ന് പറഞ്ഞ് പേരെഴുതി വെക്കുന്നതിൽ എന്ത് കാര്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങൾ ജയിപ്പിച്ചു വിട്ടാൽ അത് നിർവഹിക്കുക എന്നത് മാത്രമാണ് തന്റെ ഡ്യൂട്ടി.
ഭഗവദ്ഗീതയിൽ പറയുന്നതുപോലെ കർമ്മം ചെയ്യുക, ഫലം ഇച്ഛിക്കരുത്' എന്നതാണ് തന്റെ നയമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ജനങ്ങൾ നൽകിയ ചുമതല കൃത്യമായും ഭംഗിയായും ചെയ്ത് തീർക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.